നാളെ ഹർത്താൽ
13 August 2008ഒളിമ്പിക്സിലെ ഷൂട്ടിങ്ങിൽ ഇന്ത്യ ചൈനയെ തോൽപ്പിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി നാളെ ബംഗാളിലും കേരളത്തിലും ഹർത്താലിന് ആഹ്വാനം ചെയ്തു. പാർട്ടിയെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കോൺഗ്രസ്സും ബി.ജെ.പി യും ചേർന്ന് നടന്ന ഒത്തുകളിയുടെ ഭാഗമാണിതെന്ന് പാർട്ടി സെക്രട്ടറി ആരോപിച്ചു
എയറൈഫിളിൽ അഭിനവ് ബിന്ദ്രയാണ് സ്വർണ്ണം നേടിയത് വ്യക്തിഗത ഇനത്തിൽ ഇന്ത്യ ഒളിമ്പിക്സിൽ നേടുന്ന ആദ്യ സ്വർണ്ണമാണിത്. 28 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒളിമ്പിക്സിൽ സ്വർണ്ണം നേടുന്നത്, അഭിനവിനെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും, രാഷ്ട്രപതി പ്രതിഭാപാട്ടീലും അഭിനന്ദിച്ചു.
അതേ സമയം ചൈനക്കെതിരായ നീക്കത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ ഇന്ന് രാത്രി ചേരാനിരിക്കുന്ന പാർട്ടി കേന്ദ്രകമ്മറ്റി യോഗത്തിൽ പങ്കെടുക്കാനായി പാർട്ടി സംസ്ഥാന ഭാരവാഹികൾ ഡൽഹിക്ക് പുറപ്പെട്ടു
അഭിനവ് ബിന്ദ്ര ഇന്ത്യക്കുവേണ്ടി സ്വർണ്ണം നേടിയതിനെക്കുറിച്ച് പാർട്ടി സെക്രട്ടറിയുടെ പ്രതികരണം :-
എടോ അഭിനവാ.. താനോരു ബിന്ദ്ര വിചാരിച്ചാൽ തകരുന്നതാണോ ചൈനയുടെ കായിക പാരമ്പര്യം? കമ്യൂണിസ്റ്റ് ചൈനയെക്കുറിച്ച് താനൊക്കെ എന്താണ് വിചാരിച്ച് വെച്ചിരിക്കുന്നത്? ആർക്കും കയറി വെടിവെച്ച് മെഡൽ നേടിക്കളയാമെന്നോ?? ചിട്ടയോടെ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തറവാടാണ് ചൈന…. ഞങ്ങൾ ദൈനം ദിനം നേടിക്കൊണ്ടിരിക്കുന്ന സ്വർണ്ണക്കൂമ്പാരത്തിനോട് ചെറിയൊരു സ്വർണ്ണമെഡലുമായിൽ മത്സരിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു??
ക്ഷുഭിതനായ പാർട്ടിസെക്രട്ടറി ഒളിമ്പിക് ചരിത്രത്തിൽ അഭിനവ് ബിന്ദ്രയുടെ സ്ഥാനം ചൈന വഞ്ചകൻ എന്നായിരിക്കും എന്ന് വ്യക്തമാക്കി. ഒരു വെടിക്കാരൻ എന്ന നിലയിൽ അഭിനവ് പാർട്ടിയെയും ചൈനയെയും വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു..
പാർട്ടി നിലപാടുകൾ നഗ്നമായി ലംഘിച്ച അഭിനവ് ബിന്ദ്രയെ ഒളിമ്പിക്സ് ടീമിൽ നിന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രകമ്മറ്റിയുടെയും പോളിറ്റ്ബ്യൂറോയുടെയും തീരുമാനങ്ങൾ പുറത്തുവരുന്നതോടെ അഭിനവിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
പാർട്ടിയെ വഞ്ചിച്ച അഭിനവ് വെറുമൊരു കോഞ്ഞാണ്ടനാണെന്നും യുവജന വിഭാഗം അയാളെ ശരിക്കും കൈകാര്യം ചെയ്യുമെന്നും, അയാൾ തിരിച്ചു വരുമ്പോൾ വിളിക്കാനായി ഹിന്ദിയിൽ ചിലവാചകങ്ങൾ താൻ ഓർത്തുവെച്ചിട്ടുണ്ടെന്നും സഹകരണമന്ത്രി പറഞ്ഞു. ഷൂട്ടിങ്ങ് കോച്ച് താനെങ്ങാനുമായിരുന്നെങ്കിൽ അവന്റെ വാരിയെല്ല് താൻ ഊരിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
No comments yet
Leave a Reply
You must be logged in to post a comment.